ഓണം വാരാഘോഷം; കനകക്കുന്നില്‍ വാദ്യവിരുന്ന്

IMG-20220906-WA0131

തിരുവനന്തപുരം :ഇലഞ്ഞിമര തണലില്‍ സിംഫണി തീര്‍ക്കുന്ന പാണ്ടിമേളവും അഞ്ചുവാദ്യങ്ങള്‍ ചേര്‍ന്നൊഴുകുന്ന പഞ്ചവാദ്യവും കനകക്കുന്നിന് സമ്മാനിച്ചത് ശബ്ദങ്ങളുടെ, കാഴ്ചകളുടെ മാജിക്കല്‍ റിയലിസം. കേരളത്തിന്റെ തലപൊക്കമായ തൃശൂര്‍ പൂരത്തിന്റെ മേളങ്ങളിലെ മുന്‍നിരക്കാരാണ് കനകക്കുന്നില്‍ അരങ്ങേറിയ ഇലഞ്ഞിത്തറ മേളത്തിന് കാര്‍മികത്വം വഹിച്ചത്. 40 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള മേളപ്രമാണി കലാരത്‌നം കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം വരുന്ന കലാകാരന്‍മാരാണ് കനകക്കുന്നില്‍ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാട ചടങ്ങിന് മുന്നോടിയായി വാദ്യവിരുന്നൊരുക്കിയത്.

ഒമ്പത് ഉരുട്ട് ചെണ്ടകള്‍, ആറ് വീക്കന്‍ ചെണ്ടകള്‍, മൂന്ന് വീതം കുറുങ്കുഴലും കൊമ്പും, ഇലത്താളങ്ങള്‍ എന്നീ വാദ്യോപകരണങ്ങള്‍ ഇവിടെ താളാത്മകമായി ഒന്നിച്ചപ്പോള്‍ ‘ഇലഞ്ഞിയും ഉലയും’ എന്ന ദേശക്കാരുടെ വിശ്വാസത്തെ കനകക്കുന്നിലെത്തിയ വാദ്യപ്രേമികള്‍ ശരിവച്ചു. ‘പതിനെട്ടുവാദ്യവും ചെണ്ടയ്ക്കുതാഴെ’ എന്ന വാമൊഴിയെ അന്വര്‍ത്ഥമാക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ ഭൈരവി രാഗത്തില്‍ കുറുംകുഴല്‍ കലാകാരന്‍മാര്‍ വര്‍ണം ആലപിച്ചമ്പോള്‍ തൃപുട- 14 അക്ഷരക്കാലത്തില്‍ വരുന്ന ഓരോ താളവട്ടങ്ങളിലും കൊമ്പ് കലാകാരന്‍മാര്‍ ചിട്ടവട്ടമനുസരിച്ച് മേളത്തില്‍ കൈകോര്‍ത്തു.

വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ മതില്‍കെട്ടിനുള്ളിലെ ഇലഞ്ഞി മരത്തിനടിയില്‍ അരങ്ങേറുന്ന പാണ്ടിമേളമാണ് ഇലഞ്ഞിത്തറമേളമായത്. കേരളത്തിലെ തനതുചെണ്ടമേളങ്ങളില്‍ പഞ്ചാരിമേളത്തിനൊപ്പം പ്രാധാന്യമുളളതാണ് പാണ്ടിമേളം. മറ്റു ചെണ്ട മേളങ്ങളിലെ വാദ്യോപകരണങ്ങള്‍ തന്നെയാണ് പാണ്ടിമേളത്തിനും ഉപയോഗിക്കുന്നത്. പതിഞ്ഞകാലത്തില്‍ തുടങ്ങി ദ്രുതകാലത്തിലേയ്ക്കുളള പ്രയാണം, വാദ്യക്കാരുടെ നില്‍പ്പ്, മേളാവസാനം മാത്രം താളത്തിന്റെ പൂര്‍ണരൂപം അനാവൃതമാകുന്ന ശൈലി എന്നിങ്ങനെ പല കാര്യങ്ങളിലും പാണ്ടിമേളം മറ്റു ചെണ്ട മേളങ്ങള്‍ക്ക് സമാനമാണെങ്കിലും, തുടക്കം മുതലുള്ള അടന്ത, നിമ്‌ന്നോന്നതങ്ങളില്ലാത്ത കാലങ്ങള്‍, രണ്ടു കൈകളും ഉപയോഗിച്ചുള്ള കൊട്ടല്‍ എന്നിവ പാണ്ടിമേളത്തെ വ്യത്യസ്തമാക്കുന്നു. പാണ്ടിമേളത്തിന്റെ ആദ്യപ്രക്രിയയായ ഒലമ്പലോടുകൂടി വിളമ്പക്കാലം, തകൃതഘട്ടം എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞ് തൃപുടയിലേക്ക് കടന്ന് തീര്കലാശം കൊട്ടി മണിക്കൂറുകള്‍ നീണ്ട മേളം പര്യവസാനിച്ചപ്പോള്‍ അകം നിറഞ്ഞ ആത്മഹര്‍ഷത്തോടെ ഓരോ കാഴ്ചക്കാരനും മനം നിറയ്ക്കുന്ന ഓണനിലാവിന്റെ കുളിര്‍മയറിയുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!