തിരുവനന്തപുരം : ഓണാഘോഷത്തിനിടെ കൂടുതൽ ജോലി ചെയ്യാൻ നിർദ്ദേശിച്ചതിന്‍റെ പേരിൽ ഓണസദ്യ മാലിന്യ കുപ്പയിൽ എറിഞ്ഞ ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം . നടപടി പിൻവലിക്കണമെന്ന് സി ഐ ടി യുവും ഐ എൻ ടി യു സിയും ആവശ്യപ്പെട്ടു . വിവാദമായതോടെ പ്രശ്നപരിഹാരത്തിന് സി പി എം ശ്രമം തുടങ്ങി.
ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികൾ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത് . തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യിപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ദൃശ്യങ്ങൾ വൈറലായതോടെ ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തു . നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.ഭക്ഷണം വലിച്ചെറിഞ്ഞതിനെ വിമർശിച്ച് മേയർ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു