വെള്ളറട: ബൈക്ക് യാത്രികന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രി 8ന് തിരുവനന്തപുരത്തു നിന്നു ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മായം ഞവരക്കാട് മുല്ലക്കരി വീട്ടിൽ നിഖിൽ തോമസി(24)നു നേർക്ക് ഈരൂരിക്കലിന് സമീപം വച്ചായിരുന്നു ആക്രമണം. റോഡിന്റെ വശത്തുനിന്നു കുതിച്ചെത്തി ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിഖിലിന്റെ തോളെല്ലിന് രണ്ടിടത്തു പൊട്ടലുണ്ട്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പൂരിയിലും പരിസരങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം പതിവായിട്ടുണ്ട്.
