കിളിമാനൂർ:അടൂർ ഏനാത്ത് കാർ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഞെട്ടലിൽ മടവൂർ ഗ്രാമം. മടവൂർ പുലിയൂർക്കോണം ചാങ്ങയിൽക്കോണം വലംപിരിപിള്ളി മഠത്തിൽ രാജശേഖര ഭട്ടതിരി(66) ഭാര്യ ശോഭ അന്തർജനം(63) ഏക മകൻ നിഖിൽരാജ്(ബാലു–32) എന്നിവരാണ് ഇന്നലെ മരിച്ചത്. ഭട്ടതിരിയുടെ പ്രമേഹ ചികിത്സയ്ക്കായി കുളനടയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണു ദുരന്തം സംഭവിച്ചത്.
ഇന്നലെ പുലർച്ചെയാണ് മൂന്നു പേരും കാറിൽ വീട്ടിൽ നിന്നു യാത്ര പുറപ്പെട്ടത്. ഭട്ടതിരിയാണ് കാർ ഓടിച്ചിരുന്നത്. മകൻ നിഖിൽരാജ് മുന്നിലും ഭാര്യ ശോഭ അന്തർജനം പിന്നിൽ വലത് വശത്തുമായിരുന്നു.ഭട്ടതിരിയും ഭാര്യയും അപകട സ്ഥലത്തുതന്നെ മരിച്ചു. നിഖിൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും. മടവൂർ കളരി ഭദ്രകാളി ദേവി ക്ഷേത്രത്തിൽ 19 വർഷമായി മേൽശാന്തി ആയിരുന്നു ഭട്ടതിരി.