നെയ്യാറ്റിൻകര : യാചകനായ വയോധികനെ പൊലീസുകാരൻ കുളിപ്പിച്ചു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാർ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവിനെയാണ് സോഷ്യൽ മീഡിയയൂടെ കൈയ്യടി നേടുന്നത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം. ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് വളരെ പതുക്കെ നടന്നു വരികയായിരുന്ന വയോധികനെ ഷൈജു കാണുന്നത്.ഡ്യൂട്ടി അവസാനിച്ചതിനാൽ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു. പക്ഷേ, മറുപടി ‘കുളിക്കാൻ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ വയോധികൻ നാണയത്തുട്ടുകൾ ഷൈജുവിനു നേരെ നീട്ടി. ഇതോടെയാണ് വയോധികൻ കുളിക്കാൻ ആഗ്രഹിക്കുന്നതായി ഷിജുവിനു മനസ്സിലായത്. സമീപത്തെ ഇടവഴിയിൽ നിന്ന് കുളിക്കാൻ സൗകര്യമൊരുക്കിക്കൊടുത്തു. 80 വയസ്സോളമുള്ള അദ്ദേഹത്തിനു കപ്പിൽ വെള്ളം കോരി കുളിക്കാനുള്ള ത്രാണിയില്ലെന്നു മനസ്സിലാക്കിയ ഷൈജു, മറ്റൊന്നും ആലോചിക്കാതെ അദ്ദേഹത്തെ സോപ്പു തേപ്പിച്ചു നന്നായി കുളിപ്പിച്ചു.കണ്ടു നിന്ന ചിലർ വാങ്ങിക്കൊടുത്ത തോർത്തു മുണ്ട് ഉപയോഗിച്ചു തോർത്തി. ശരീരവും തുടച്ചു വൃത്തിയാക്കി. കുറച്ചു പുതിയ വസ്ത്രവും പണവും നൽകിയാണ് വയോധികനെ യാത്രയാക്കിയത്.
