തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതി ആദം ആലി(21)യെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചെന്നൈയിലെ സൈദാപേട്ട് കോടതിയില്‍നിന്നാണ് തിരുവനന്തപുരത്തുനിന്നുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളുമായി ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച പുലര്‍ച്ചെയോ പോലീസ് സംഘം തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞദിവസം ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആര്.പി.എഫ്. സംഘമാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം പ്രാഥമിക തെളിവെടുപ്പും വിശദമായ ചോദ്യംചെയ്യലും ഉണ്ടാകും.ഞായറാഴ്ച ഉച്ചയോടെയാണ് കേശവദാസപുരം മോസ്ക് ലെയ്ന്‍ രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68) കൊല്ലപ്പെട്ടത്.