തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാൻ ഇനി കെ.എസ്.ആർ.ടി.സിയുടെ ‘നൈറ്റ് റൈഡേഴ്സ് ” ബസുകളും. യാത്രക്കാർക്ക് പ്രിയങ്കരമായിരുന്ന ഡബിൾ ഡെക്കർ ബസുകളാണ് മേൽക്കൂരയില്ലാതെ രാത്രി യാത്രയ്ക്കൊരുങ്ങുന്നത്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിദേശരാജ്യങ്ങളിലും മുംബയ്, ഡൽഹി തുടങ്ങി തിരക്കേറിയ ഇന്ത്യൻ നഗരങ്ങളിലും ഇത്തരം റൂഫ് ലെസ് ഡബിൾ ഡെക്കർ ബസുകൾ നിലവിലുണ്ട്. ഏപ്രിൽ ഒന്നു മുതലാണ് നൈറ്റ് റൈഡേഴ്‌സ് സർവീസ് ആരംഭിക്കുന്നത്. വൈകിട്ട് 6ന് ശേഷം കവടിയാറിൽ നിന്നാരംഭിക്കുന്ന നൈറ്റ് റൈഡേഴ്‌സ് സർവീസുകൾ തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളും ചുറ്റിക്കറങ്ങിയ ശേഷം കോവളത്ത് എത്തും. യാത്രക്കാർക്ക് കുറച്ചുസമയം കോവളത്ത് ചെലവഴിക്കാം. ശേഷം തിരികെ വീണ്ടും നഗരത്തിലേക്ക്. 250 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ ആവശ്യപ്രകാരം രാത്രി 12ന് ശേഷവും ഇത്തരം സർവീസുകൾ നടത്താൻ ആലോചനയുണ്ട്. പഴയ ബസുകളുടെ ബോഡിക്ക് മാറ്റം വരുത്തിയാണ് നവീകരണം. നിലവിൽ നാല് ബസുകളാണ് ഇതിനായി മിനുക്കുപണി നടത്തുന്നത്
