തിരുവനന്തപുരം :മികച്ച ജില്ലാ കളക്ടര്‍ക്കുള്ള റവന്യു പുരസ്കാരം നേടിയ ഡോ. നവജ്യോത് ഖോസയെ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാര്‍ കളക്ടര്‍ക്ക് ഉപഹാരം നല്കി. കോവിഡ് കാലത്തും പ്രതിസന്ധികള്‍ നിറഞ്ഞ പല ഘട്ടങ്ങളിലും വളരെ മികച്ച പ്രവര്‍ത്തനവും നേതൃപാടവവുമാണ് കളക്ടര്‍ ജില്ലയില്‍ കാഴ്ചവച്ചതെന്ന് ഡി.സുരേഷ്കുമാര്‍ പറഞ്ഞു.റവന്യു വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ പുരസ്കാരമെന്ന് പറഞ്ഞ കളക്ടര്‍ ജില്ലയുടെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്ക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും സഹകരണത്തിന് നന്ദി രേഖപ്പെടുത്തി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്. സുഭാഷ് അധ്യക്ഷനായി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ബിജു വി. എസ്, വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്മാന് ലാജി, ഡിപിസി അംഗങ്ങള്‍, തദ്ദേശഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.