തിരുവനന്തപുരം: നഗരസഭാ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്‌ടോപ്പുകളുടെ വിതരണം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. നഗരസഭാ വാർഷിക പദ്ധതിയുടെ ഭാഗമായി ഡിഗ്രി, ഡിപ്ലോമ, പി.ജി ഉൾപ്പെടെയുള്ള കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കാണ് 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്‌ടോപ്പുകൾ വിതരണം ചെയ്തത്. പദ്ധതിക്കായി 60 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. 2020-21ൽ 169 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകി. അതിന്റെ ബാക്കി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 42 കുട്ടികൾക്കും 2021-22 ലെ ലിസ്റ്റിൽ ഉൾപ്പെട്ട 82 കുട്ടികൾക്കും ഉൾപ്പെടെ 124 വിദ്യാർത്ഥികൾക്കാണ് ഇന്ന് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. സലിം, പി. ജമീല ശ്രീധരൻ, ഡി.ആർ. അനിൽ, സിന്ധു വിജയൻ, ഡോ. റീന കെ.എസ്, കൗൺസിലർ പാളയം രാജൻ, നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
