തിരുവനന്തപുരം :പീക്ക് അവറില്‍ വൈദ്യുതി ലാഭിക്കണമെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ആവശ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാനായാല്‍ 20 രൂപ കൊടുത്തു വാങ്ങുന്ന വൈദ്യുതിയില്‍ വലിയൊരു കുറവു വരുത്താനാകുമെന്നും കൂടുതല്‍ ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കാനുമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലയിലെ പന്തലക്കോട് 110 കെ.വി സബ്സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജലവൈദ്യുത പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. 24 മെഗാവാട്ട് ശേഷിയുള്ള പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി അടുത്ത മാസം കമ്മീഷന്‍ ചെയ്യും. കൂടാതെ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാര്‍, 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍, 24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താന്‍ കെട്ട് എന്നീ പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിലവില്‍ പീക്ക് അവറില്‍ ആവശ്യമായി വരുന്ന വൈദ്യുതിയുടെ കുറവ് വലിയൊരളവു വരെ പരിഹരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ വൈദ്യുത രംഗത്ത് കൂടുതല്‍ മുന്നോട്ടുപോകാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. പ്രസരണ ശൃംഖലയിലെ വിവിധ സ്രോതസുകളിലേക്ക് നിലവിലുള്ള മറ്റ് സബ്സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഉയര്‍ന്ന വോള്‍ട്ടതകളിലുണ്ടാകുന്ന വൈദ്യുതി തടസം ഇല്ലാതാക്കുകയാണ് പന്തലക്കോട് സ്വിച്ചിംഗ് സബ്സ്റ്റേഷന്റെ പ്രധാനലക്ഷ്യം. വെമ്പായം, പോത്തന്‍കോട്, കരകുളം പഞ്ചായത്തുകളിലേയും തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലുള്ള ചില പ്രദേശങ്ങളിലേയും ഏകദേശം 27,000 ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാനാകും. ഇതിനായി 12.5 എം.വി.എ ശേഷിയുള്ള രണ്ട് 110/11 കെ.വി ട്രാന്‍സ്ഫോര്‍മറുകളും അനുബന്ധമായ 11 കെ.വി ഫീഡറുകളും സബ്സ്റ്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22.18 കോടി രൂപ അടങ്കല്‍ തുകയുള്ള പദ്ധതിക്കായി 12 വ്യക്തികളില്‍ നിന്നായി 140.83 ആര്‍ ഭൂമി 5.44 കോടി രൂപയ്ക്ക് കെ. എസ്. ഇ. ബി സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റെടുത്ത ഭൂമി ആവശ്യനുസരണം നിരപ്പാക്കി സബ്സ്റ്റേഷന് വേണ്ട കണ്ട്രോള്‍ റൂം, യാര്‍ഡ്, ടവര്‍, ചുറ്റുമതില്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. 2023 ഒക്ടോബര്‍ മാസത്തോടെ പദ്ധതി പൂര്‍ത്തിയാകും.
വേറ്റിനാട് ഗാന്ധിസ്മാരകമണ്ഡപത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി വി, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാനും എം.ഡിയുമായ ഡോ.ബി.അശോക്, പ്രസരണ വിഭാഗം ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ രാജന്‍ ജോസഫ് എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.