വർക്കല: സ്കൂള്‍ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തിനും ബൈക്കിലെ മത്സര ഓട്ടത്തിനുമെതിരെ പരാതി നൽകിയതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥികളിൽ ഒരാള്‍ അറസ്റ്റിൽ. വർക്കല സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ജോബിനാണ് പിടിയിലായത്. ജോബിന്റെ സുഹൃത്തുക്കളായ ആരോമൽ, ജ്യോതിഷ്, കണ്ണൻ എന്നിവർക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു. വർക്കല ചെമ്മരുതി സ്വദേശി അനുവിനെയാണ് വിദ്യാർത്ഥികള്‍ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.
വിദ്യാർത്ഥികളുടെ ആക്രമണത്തിൽ അനുവിന്റെ മുഖത്തിന് സാരമായി പരിക്കേറ്റിരുന്നു. പരീക്ഷ നടക്കുന്നതിലാണ് വിദ്യാർത്ഥികളുടെ അറസ്റ്റ് വൈകിയതെന്ന് പൊലീസ് പറഞ്ഞു. ജോബിനെ സംഭവം നടന്ന സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങി വരുന്നതിനിടെയാണ് വിദ്യാർത്ഥികള്‍ അനുവിനെ മർദ്ദിച്ചത്. അനുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂള്‍ മാനേജുമെൻറിനും പൊലീസിനും പരാതി നൽകിയതിലെ വൈരാഗ്യമായിരുന്നു ആക്രണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു