തിരുവനന്തപുരം: ഭൗമ ദിനാചരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ചാക്യാർകൂത്ത് അടിസ്ഥാനമാക്കിയുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ചാക്യാർകൂത്ത് കലാകാരനായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു അവതരണം. ഭൂമിയെയും പ്രകൃതിയേയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത യാത്രക്കാരെ ബോധ്യപ്പെടുത്തുന്ന രീതിയിലാണ് ചാക്യാർകൂത്ത് അവതരിപ്പിച്ചത്. ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ പ്രത്യേക അവതരണങ്ങൾ നടന്നു. യാത്രക്കാർക്ക് ഭൗമദിന സന്ദേശം കുറിയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
