തിരുവനന്തപുരം: മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരം ചെറ്റച്ചൽ ജഴ്സി ഫാം സന്ദർശിച്ചു. 1956-ൽ പ്രവർത്തനമാരംഭിച്ച ഫാമിന് 123 ഏക്കർ സ്ഥലം സ്വന്തമായി ഉണ്ടായിരുന്നുവെങ്കിലും നിലവിൽ 58 ഏക്കറിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ 20 പശുക്കളും 150 ആടുകളും ഫാമിൽ ഉണ്ട്. കൂടാതെ 1500 ലിറ്റർ പാൽ ദിനംപ്രതി സംഭരിച്ച് വിതരണം ചെയ്യുന്ന ഗ്രീൻ മിൽക്ക് പദ്ധതിയും, മണ്ണിര കമ്പോസ്റ്റ് യൂണിറ്റും, അത്യുൽപാദനശേഷിയുള്ള ഒരുദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് വിതരണം ചെയ്യുന്ന അത്യാധുനിക ഹാച്ചറിയും, 38 ഏക്കർ സ്ഥലത്ത് അത്യുല്പാദനശേഷിയുള്ള നേപ്പിയർ ഇനത്തിലുള്ള തീറ്റപ്പുൽ കൃഷി എന്നിവയും ഇതോടൊപ്പം നടത്തിവരുന്നു. ഫാമിന്റെ ദൈനംദിന പ്രവൃത്തിനങ്ങളുമായി ആയി ബന്ധപ്പെട്ട വിഷയങ്ങൾ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ജലസേചന സൗകര്യം നവീകരിക്കുവാനും, പാൽ ഉൽപ്പാദനം വർദ്ദിപ്പിക്കുവാനും, തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കുവാനുമുള്ള സത്വരനടപടികൾ സ്വീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഫാമിലെ തൊഴിലാളികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
