മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം. തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിൽ നിന്നാണ് പണം തട്ടാൻ ശ്രമം നടന്നത്. ഉദ്യോഗസ്ഥന്‍റെ പരാതിയിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്തു.ആഗസ്റ്റ് മൂന്നാം തീയതിയാണ് മുഖ്യമന്ത്രിയുടെ ചിത്രവും പേരുമുള്ള വാട്സ് ആപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന് സന്ദേശം വന്നത്. മുഖ്യമന്ത്രിയാണെന്നും അത്യാവശ്യമായി പണം വേണമെന്നും ഗിഫ്റ്റ് കാർഡ് വഴി അൻപതിനായിരം രൂപ നൽകാനുമായിരുന്നു നിർദേശം. തട്ടിപ്പുകാരനാണെന്ന് മനസ്സിലായ ജയനാഥ് അൽപസമയം ചാറ്റ് തുടർന്നു. പണം നൽകാതെ വന്നതോടെ തട്ടിപ്പുകാരൻ പിൻവാങ്ങി. കഴിഞ്ഞ മാസവും ജയനാഥിൽ നിന്ന് പണം തട്ടാൻ സമാനമായ രീതിയിൽ ശ്രമം നടന്നിരുന്നു. അന്ന് ഡിജിപി അനിൽകാന്തിന്‍റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
