തിരുവനന്തപുരം: മൃഗശാലയിലെ ആൺ പുള്ളിപ്പുലി ചത്തു. രാമു എന്ന് വിളിക്കുന്ന പുള്ളിപ്പുലിയാണ് ഇന്നലെ രാവിലെ പത്തോടെ ചത്തത്. 14 വയസായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള അവശതകളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു രാമു. ഇതിനാൽ പ്രദർശനം ഒഴിവാക്കി പ്രത്യേകം കൂട്ടിലാണ് പാർപ്പിച്ചിരുന്നത്. തെന്മല കാടിനെ വിറപ്പിച്ചിരുന്ന രാമു നാട്ടിലിറങ്ങിയതോടെ 2010ൽ വനംവകുപ്പ് കെണിയൊരുക്കി പിടികൂടുകയായിരുന്നു. പിടികൂടുമ്പോൾ രണ്ട് വയസായിരുന്നു. പിന്നീട് തിരുവനന്തപുരം മൃഗശാലയ്‌ക്ക് കൈമാറി. ഇനി 6 പുള്ളിപ്പുലികളാണ് മൃഗശാലയിൽ അവശേഷിക്കുന്നത്. രാമുവിന്റെ പോസ്റ്റ്മോർട്ടം വൈകിട്ടോടെ പൂർത്തിയാക്കി മൃതദേഹം മൃഗശാല വളപ്പിൽ സംസ്കരിച്ചു
