തിരുവനന്തപുരം : മെഡിക്കൽ കോളേജ് കാമ്പസിൽ പുതുതായി നിർമിച്ച മേൽപ്പാലം തുറന്നുകൊടുക്കാൻ വൈകുന്നു. പണി പൂർത്തിയായി ഒരു മാസം മുൻപേ ഉദ്ഘാടനത്തിനൊരുങ്ങിയ പാലമാണ് ഇതുവരെയും തുറന്നുനൽകാത്തത്.കിഫ്ബിയുടെ പരിശോധന പൂർത്തിയാക്കി പാലം ഏറ്റെടുക്കുന്ന നടപടികൾ വൈകുന്നതാണ് ഉദ്ഘാടനം വൈകിപ്പിക്കുന്നത്. മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാനിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് മേൽപ്പാലം നിർമിച്ചത്.
കുമാരപുരം റോഡിൽ പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാരംഭിച്ച് മെൻസ് ഹോസ്റ്റലിനും ഫിസിക്കൽ മെഡിക്കൽ റിഹാബിലിറ്റേഷൻ കേന്ദ്രത്തിനുമിടയിലൂടെ ശ്രീചിത്ര ആശുപത്രിക്ക് സമീപത്ത് എത്തിച്ചേരുന്നതാണ് പുതിയ പാലം.രോഗികളേയും ജീവനക്കാരെയും വലച്ച് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുമ്പോഴാണ് നൂറുകണക്കിനാളുകൾക്ക് പ്രയോജനകരമാകുന്ന പാലം അടച്ചിട്ടിരിക്കുന്നത്.