തിരുവനന്തപുരം: വഞ്ചിയൂർ വിഷ്ണു വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു. ഹൈക്കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസിൽ പ്രതികളായ 13 പേരെയും ഡിവിഷൻ ബഞ്ച് വെറുതെ വിട്ടു. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്.2008 ലാണ് കേസിനാസ്പദമായ സംഭവം. സിപിഎം കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ കൈതമുക്ക് പാസ്പോർട്ട് ഓഫീസിനു മുന്നിൽ വച്ച് ബൈക്കിലെത്തിയ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 13പേർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡിഷണൽ കോടതി കണ്ടെത്തിയിരുന്നു. ഇതിൽ 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തമായിരുന്നു വിധിച്ചത്. വഞ്ചിയൂർ വലിയവിളാകത്തു വീട്ടിൽ വിശ്വനാഥന്റെയും ഇന്ദിരയുടെയും മകനാണ് വിഷ്ണു.
