വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്ത് നിർമ്മാണം പുരോഗമിക്കുന്ന പുലിമുട്ടിന്റെ ഏതാനും ഭാഗം തിരയടിയിൽ തകർന്നു. തുടർന്ന് പുലിമുട്ടിൽ കല്ല് നിക്ഷേപിക്കുന്ന ജോലികൾ താത്കാലികമായി നിറുത്തിവച്ചു. ബെർത്തിന് സമാന്തരമായി വളഞ്ഞ് തുടങ്ങിയ ഏകദേശം 15 മീറ്ററോളം ഭാഗത്തെ കരിങ്കല്ലുകളാണ് ശക്തമായ തിരയടിയിൽ തകർന്നത്.
കടൽ ശാന്തമായാൽ കല്ലുകൾ പുലിമുട്ടിൽ തന്നെ തിരികെ നിക്ഷേപിക്കുമെന്ന് അധികൃതർ പറഞ്ഞു. നിർമ്മാണം പൂർത്തിയായ ഭാഗത്ത് അക്രോപോഡ് സ്ഥാപിച്ച് സംരക്ഷണഭിത്തി ബലപ്പെടുത്തുന്ന ജോലികൾ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ബാക്കി ജോലികൾ തുടരുമെന്നും ഇവർ വ്യക്തമാക്കി.
