വിഴിഞ്ഞം : വിഴിഞ്ഞത്ത് വൻ കഞ്ചാവുവേട്ട. കാറിൽ കടത്തിയ 50 കിലോ കഞ്ചാവുമായി രണ്ടുപേരെ നർക്കോട്ടിക് സംഘവും വിഴിഞ്ഞം പോലീസും ചേർന്ന് അറസ്റ്റു ചെയ്തു. ബീമാപള്ളി സ്വദേശികളായ ഫഗദ്(28), സഹീർ(23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.അടിമലത്തുറയ്ക്കടുത്ത് ചപ്പാത്ത് ജങ്ഷനിൽ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവർ യാത്രചെയ്തിരുന്ന കാറിന്റെ ഡിക്കിയിലും പുറകിലത്തെ സീറ്റിലുമായി 23 കഞ്ചാവ് പൊതികളാണ് ഒളിപ്പിച്ചിരുന്നത്. കാറിന്റെ ഡിക്കിയിൽനിന്ന് എട്ട് വലിയ പൊതികളും ചാക്കിലാക്കിയ 15 പൊതികളും കണ്ടെടുത്തു.
