തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ശ്വാസംമുട്ടി മരിച്ച ദുരന്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ട്. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേനയുടെ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഈ മാസം എട്ടിനാണ് പിഞ്ചുകുഞ്ഞടക്കം മരിച്ച ദുരന്തമുണ്ടായത്.കാര്‍ പോര്‍ച്ചിലുള്ള കേബിള്‍, ടെലിവിഷനിലേക്കും മെയിന്‍ സ്വിച്ച് ബോര്‍ഡിലേക്കുമടക്കം പോകുന്നുണ്ട്. ഇതിലൂടെ പടര്‍ന്ന തീയാണ് അപകടത്തിലേക്ക് നയിച്ചത്. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള സോഫയിലേക്കും മറ്റു ഫര്‍ണീച്ചറുകളിലേക്കും തീ പടര്‍ന്നത് വലിയ പുകയ്ക്ക് കാരണമായി. മുകളിലെ നിലയിലേക്കും പുകയെത്തി. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. എല്ലാവരും നല്ല ഉറക്കത്തിലായതിനാല്‍ തീ പിടിത്തം ഉണ്ടായത് ആരും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല.
ദേഹാസ്വാസ്ഥ്യം ഉണ്ടായ ഘട്ടത്തില്‍ വാതില്‍ തുറന്നതുമൂലം പുറത്തുനിന്നുള്ള പുക ഉള്ളിലേക്ക് കടന്നു. ഇത് ശ്വസിച്ചതായിരിക്കാം മരണം സംഭവിക്കാന്‍ കാരണമായതെന്നും ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫോറന്‍സിക്കിന്റേയും ഇലക്ട്രിക് വിഭാഗങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തൂ.