തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിന്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തരനടപടി വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം ആവശ്യപ്പെട്ടു. തീരപ്രദേശങ്ങളിൽ നടക്കുന്ന നിർമ്മാണങ്ങളുടെ വ്യാപ്തി വർദ്ധിക്കുന്നതിനനുസരിച്ച് ഗുരുതരമായ പാരിസ്ഥിതികാഘാതം ഭാവിയിലുണ്ടാകുമെന്നും മലയിൻകീഴ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനം കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ മാളവിക ബിന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി. നാരായണൻ, പരിഷത്ത് ജനറൽ സെക്രട്ടറി പി. ഗോപകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വേണു തോട്ടുങ്കര സ്വാഗതവും ഷിബു എ.എസ്. നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എസ്.എൽ. സുനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്. രാജിത്ത് വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ഭുവനചന്ദ്രൻ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.സി. രാമകൃഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു.
