ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ടുത്സവ സമാപന ചടങ്ങുകൾ നടക്കുന്നതിന്റെ ഭാഗമായി ചിറയിൻകീഴിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2നും രാത്രി 8നുമിടയിൽ ശാർക്കര നായർ കരയോഗം പണ്ടകശാല റോഡിൽ വാഹനഗതാഗതം പൂർണമായും നിരോധിക്കുന്നത്.വർക്കല – കടയ്ക്കാവൂർ ഭാഗത്ത് നിന്നുമെത്തുന്ന വാഹനങ്ങൾ പണ്ടകശാല ജംഗ്ഷനിലും, ആറ്റിങ്ങൽ – വലിയകട ജംഗ്ഷനിൽ നിന്നും മുരുക്കുംപുഴ – അഴൂർ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ ശാർക്കര ബൈപ്പാസ് റോഡിലും ആളെയിറക്കണം. മഞ്ചാടിമൂട് – ശാർക്കര റെയിൽവേ ഗേറ്റുകളിൽ നിന്ന് ശാർക്കര ക്ഷേത്രം വരെ റോഡിലേക്ക് രാത്രി 7വരെ ഗതാഗതം അനുവദിക്കില്ല.ഗതാഗത നിയന്ത്രണമുള്ളതിനാൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണം നടക്കുന്ന ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ ഗേറ്റിലൂടെ വലിയവാഹനങ്ങൾ ഒഴിച്ചുള്ളവയ്ക്ക് ഇതേ സമയങ്ങളിൽ കടന്നുപോകുന്നതിന് അനുമതി നൽകിയിട്ടുണ്ട്.ചിറയിൻകീഴിൽ നിന്ന് കടയ്ക്കാവൂർ ഭാഗത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന സ്വകാര്യ ബസുകളടക്കം ഹെവി വാഹനങ്ങൾ ശാർക്കര ബൈപാസ് റോഡിലൂടെ അഴൂർ പെരുമാതുറ തീരദേശപാതയിലെത്തി മുതലപ്പൊഴി പാലംവഴി മുഞ്ഞമൂട് ആനത്തലവട്ടം പാതയിലും തീരദേശ പാതയിലൂടെ അഞ്ചുതെങ്ങിലുമെത്തി യാത്ര തുടരാം.
