തിരുവനന്തപുരം; സംസ്ഥാനത്ത് ആദ്യമായി ജൻറം എ സി ലോ ഫ്ലോർ ബസുകൾ സ്ക്രാപ്പ് ചെയ്യുന്നു. ഹൈക്കോടതി നിർദ്ദേശാനുസരണം ആണ് തീരുമാനം. തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് 10 സ്ക്രാപ്പ് ചെയ്യുന്നത്. 2018 മുതൽ 28 ലോ ഫ്ലോർ എ.സി ബസുകൾ തേവര യാർഡിൽ കിടന്നിരുന്നത് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച് കെഎസ്ആർടിസി നിയോഗിച്ച കമ്മിറ്റി പരിശോധിക്കുകയും, അതിൽ 10 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഇത് ആദ്യമായിട്ടാണ് ലോ ഫ്ലോർ ബസ് സ്ക്രാപ്പ് ചെയ്യാൻ തീരുമാനിക്കുന്നത്. ഈ വാഹനങ്ങൾ ഡിമാന്റ് വരുമ്പോൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മാനേജ്മെന്റ് എടുത്തിരുന്ന നിലപാട്. എന്നാൽ ഹൈക്കോടതി ഇങ്ങനെ യാർഡിൽ സൂക്ഷിക്കാതെ കൂടുതൽ വില ലഭിക്കുന്ന രീതിയിൽ ഇത് വിറ്റ് കൂടെ എന്ന് ചോദിച്ച സാഹചര്യത്തിലാണ് കെഎസ്ആർടിസി വിദഗ്ധ സമിതിയെ നിയോഗിക്കുകയും, അവർ പരിശോധിച്ച് 28 ൽ 10 എണ്ണം സ്ക്രാപ്പ് ചെയ്യാനും, ബാക്കിയുള്ളവ ഉപയോഗിക്കാനും നിർദ്ദേശം നൽകിയത്.