തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ആരംഭിച്ച സിറ്റി സർക്കുലർ ബസിലേക്ക് 25 ഇലക്ട്രിക് ബസുകൾ ജൂൺ ആദ്യവാരമെത്തും. 135 ബസുകളാണ് കെഎസ്ആർടിസി ആദ്യഘട്ടത്തിൽ വാങ്ങുന്നത്. ഒരു ബസിന് വില 92.5 ലക്ഷം രൂപയാണ്. നഗരങ്ങളിലെ സർവീസിനാണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. തിരുവനന്തപുരത്ത് തുടങ്ങിയ സിറ്റി സർക്കുലർ ബസിന് തിങ്കളാഴ്ച റെക്കോർഡ് യാത്രക്കാരും കയറിയതോടെ സിറ്റി സർക്കുലർ സർവീസ് താമസിയാതെ നഷ്ടമില്ലാതെ പോകുമെന്നാണ് കെഎസ്ആർടിസി കണക്കുകൂട്ടുന്നത്.
