സി. ഇ. ടി കോളേജിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

images(533)

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗി(സി.ഇ.ടി)ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇന്‍ഡസ്ട്രിയല്‍ ആന്റ് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ് തുടങ്ങിയ നൂതന കോഴ്സുകൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രായോഗിക അറിവുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത കോഴ്സുകളിലെ ആപ്ലിക്കേഷൻ രീതികൾ മനസ്സിലാക്കാനും പ്രൊഡക്ഷൻ യൂണിറ്റുകൾ ആരംഭിച്ചുകൊണ്ട് തൊഴിൽ വൈദഗ്ധ്യം കൂട്ടാനുമുള്ള പദ്ധതികൾ വകുപ്പ് നടപ്പിലാക്കും. സമൂഹത്തിന് ഉപകരിക്കുന്ന വിധം ടെക്നോളജി ഉപയോഗപ്പെടുത്തണമെന്നും സി.ഇ. ടി കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഇൻഡസ്ട്രിയൽ കോളാബൊറേഷൻ മെച്ചപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വരുന്ന അദ്ധ്യയന വർഷം മുതൽ പരീക്ഷാ സമ്മർദ്ദം ഇല്ലാതെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്ന അധ്യാപനരീതികൾ അവലംബിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി.

പൊതുമരാമത്ത് വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും കൈകോർത്തുകൊണ്ട് വിദ്യാർഥികൾക്ക് അനുഭവപരിചയം നൽകുന്ന ഇൻവെസ്റ്റിഗേഷൻ പ്രോജക്റ്റുകളും ഇന്റേൺഷിപ്പുകളും ഫലപ്രദമായി നടപ്പിലാക്കും. വിദ്യാർഥികൾക്ക് ദിശാബോധം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും മികച്ച നിലവാരത്തിലേക്ക് ക്യാമ്പസിനെ ഉയർത്താൻവേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ‘ബ്രിഡ്ജിംഗ് ദി ഡിജിറ്റല്‍ ഡിവൈഡ്’ പദ്ധതിപ്രകാരം അര്‍ഹരായ പത്ത് വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്ടോപ്പ് വിതരണവും ഇതോടൊപ്പം നടന്നു.

 

സി. ഇ. ടി കോളേജില്‍ 29 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും എട്ട് ബിരുദ കോഴ്‌സുകളിലും ഗവേഷണ വിഭാഗത്തിലുമായി അയ്യായിരത്തിലധികം വിദ്യാര്‍ഥികളുണ്ട്. കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭൗതികസാഹചര്യങ്ങള്‍ പരിഷ്‌കരിക്കുന്നത്.

 

പുതിയ ബഹുനില മന്ദിരത്തില്‍ സെല്ലാര്‍ ഉള്‍പ്പെടെ മൂന്നു നിലകളാണ്. നാല്‍പതിനായിരം ചതുരശ്ര അടി വിസ്തൃതിയില്‍ 17 കോടി രൂപ ചെലവില്‍ ആണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. 18 ക്ലാസ് മുറികളും അധ്യാപകര്‍ക്കായി എട്ട് മുറികളും രണ്ട് പരീക്ഷണശാലകളും ഒരു വനിതാ വിശ്രമകേന്ദ്രവും മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

ബ്ലോക്ക് അങ്കണത്തിലും ഡയമണ്ട് ജൂബിലി ഹാളിലുമായി നടന്ന പരിപാടിയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്‍ ബീന.എല്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ ഡോ. ബൈജുബായി ടി.പി, പ്രിന്‍സിപ്പാള്‍ ഡോ. വി. സുരേഷ് ബാബു, ജനപ്രതിനിധികള്‍, വിദ്യാർത്ഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!