തിരുവനന്തപുരം :ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര് ഘര്‍ തിരംഗയ്ക്കായുള്ള ദേശീയപതാകകളുടെ തിരുവനന്തപുരം ജില്ലാതല വിതരണം ആരംഭിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷകുമാര് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കളക്ടര്‍ ജെറോമിക് ജോര്‍ജ് അധ്യക്ഷനായിരുന്നു. പതാകയുടെ നിര്‍മ്മാണ ചുമതലയുള്ള കുടുംബശ്രീ ഭാരവാഹികളില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പതാകകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രധാനവകുപ്പുകളിലെ ജില്ലാ ഓഫീസര്‍മാര്‍ക്ക് കളക്ടര്‍ പതാകകള്‍ വിതരണം ചെയ്തു. പഞ്ചായത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, ഐ.ടി.ഡി.പി ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരാണ് പതാകകള്‍ ഏറ്റുവാങ്ങിയത്. ജില്ലാ പഞ്ചായത്ത് അംഗം ആര്. സുഭാഷ്, എ.ഡി.എം അനില്‍ ജോസ്, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.