തിരുവനന്തപുരം: മൈസൂരു ദസറയുടെ ചരിത്രപ്രസിദ്ധമായ ജംബൂസവാരിയില്‍ ആദ്യമായി കേരളത്തിന്റെ സാംസ്‌കാരിക ടാബ്ലോ അണിനിരന്നു. കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പൈതൃകവും പ്രകൃതിഭംഗിയും പാരമ്പര്യവൈവിധ്യവും അവതരിപ്പിച്ച ടാബ്ലോ ദേശീയ വേദിയില്‍ കേരളത്തിന്റെ സാംസ്‌കാരിക സ്വത്വം വിളിച്ചോതുന്ന ദൃശ്യാവിഷ്‌കാരമായി.
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ടാബ്ലോയുടെ പ്രധാന ആകര്‍ഷണം കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായ തെയ്യവും ശാസ്ത്രീയ കലയായ കഥകളിയുമായിരുന്നു.
കേരളത്തിന്റെ കായലുകളെയും വള്ളംകളിപ്പാരമ്പര്യത്തെയും ഓര്‍മിപ്പിക്കുന്ന വള്ളത്തിന്റെ ആകൃതിയിലുള്ള ഘടനയില്‍ കേരളീയ ചുവര്‍ചിത്രകലയുടെ വര്‍ണവൈവിധ്യവും സൂക്ഷ്മമായ രൂപകല്‍പ്പനയും സമന്വയിപ്പിച്ചിരുന്നു. തെങ്ങിന്‍തോപ്പുകള്‍, പച്ചപ്പ്, തിരമാലകളുടെ ശില്‍പ്പാവിഷ്‌കാരം എന്നിവ കേരളത്തിന്റെ പ്രകൃതിഭംഗി പകര്‍ത്തിയപ്പോള്‍, പ്രകാശപൂരിതമായ ഭൂഗോളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന കേരളത്തിന്റെ ആഗോള സ്വത്വത്തെ പ്രതിനിധീകരിച്ചു. ചെണ്ടയുടെ താളം ടാബ്ലോയ്ക്ക് ഉത്സവചാരുത പകര്‍ന്നു.
കേരളത്തിന്റെ അനുഷ്ഠാനകല, ശാസ്ത്രീയ കലാപാരമ്പര്യം, ചിത്രകല, പ്രകൃതി എന്നിവയെ ഒറ്റ ദൃശ്യാവിഷ്‌കാരത്തില്‍ സമന്വയിപ്പിച്ച ടാബ്ലോ സംസ്ഥാനത്തിന്റെ സാംസ്‌കാരിക വൈവിധ്യം ദേശീയ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ശ്രദ്ധേയമായ ചുവടുവയ്പായി. കേരളവും കര്‍ണാടകയും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഈ പങ്കാളിത്തം വഴിയൊരുക്കി.

