തിരുവനന്തപുരം: കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. കോവിൻ ആപ്പിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. 2007-ലോ മുമ്പോ ജനിച്ച 15-18നും ഇടയിൽ പ്രായക്കാരായ കുട്ടികൾക്കാണ് ജനുവരി മൂന്നുമുതൽ വാക്സിൻ ലഭിക്കുക. വാക്സിൻ രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യണം. ആധാർ ഇല്ലാത്തവർക്ക് സ്കൂളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് രേഖയായി ഉപയോഗിക്കാം. കോവാക്സിനാണ് കുട്ടികൾക്ക് നൽകുക.
കോവിൻ ആപ്പിൽ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടിൽ കൂടി രജിസ്റ്റർ ചെയ്യുന്നതിനും തടസ്സമില്ല. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ ആപ്പിലൂടെ നാലുപേർക്ക് രജിസ്റ്റർ ചെയ്യാം. കുട്ടികൾക്ക് ഒറ്റയ്ക്കോ അച്ഛനമ്മമാർക്കൊപ്പമോ രജിസ്‌ട്രേഷന്റെ ഭാഗമാകാം. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസ്സമില്ല. പ്രത്യേക കേന്ദ്രത്തിൽവെച്ചാകും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ്. വാക്സിനേഷന് അർഹരായ 15 ലക്ഷത്തോളം കുട്ടികൾ സംസ്ഥാനത്തുണ്ട്. കുട്ടികൾക്ക് വാക്‌സിൻ നൽകാൻ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്.