കോവളം : കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ. കോവളം സ്റ്റേഷനിലെ ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നും പരിശോധിക്കും.സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി സംഭവം അന്വേഷിക്കും. ന്യൂയര്‍ ആഘോഷത്തിന് മദ്യവുമായി പോയ സ്റ്റീഫന്‍ ആസ് ബര്‍ഗിനെ ഇന്നലെയാണ് കേരള പൊലീസ് തടഞ്ഞത്. സ്റ്റീഫന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫന്‍ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീഫനോട് പറഞ്ഞു. സ്റ്റീഫന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു.