തിരുവനന്തപുരം: അനീഷ് ജോർജിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണം തള്ളി പൊലീസ്. അർധരാത്രി രണ്ടുമണിക്കു മുൻപേ അനീഷ് പെൺ സുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നതായും ഒരു മണിക്കൂർ കഴിഞ്ഞാണ് സൈമൺ അനീഷിനെ കൊലപ്പെടുത്തുന്നതെന്നും പൊലീസ് പറയുന്നു.രാത്രി ഒന്നരവരെ അനീഷും പെൺസുഹൃത്തും തമ്മിൽ ഫോണിൽ സംസാരിച്ചു. ശേഷം രണ്ടുമണിയോടെ അനീഷ്, പെൺകുട്ടിയുടെ വീടിന്റെ പിൻവശത്തുള്ള കാടുമൂടിയ വഴിയിലൂടെ എത്തി വീട്ടിലേക്ക് കയറി. ഡോഗ് സ്ക്വാഡിന്റെ പരിശോധനയിൽ ഇക്കാര്യം വ്യക്തമാണ്. മൂന്നുമണിയോടെ മകളുടെ മുറിയിൽ അനീഷ് ഉണ്ടെന്ന് സൈമൺ ലാലു അറിഞ്ഞു. മകളുടെ മുറിയിൽ അനീഷിനെ കണ്ടതിൽ പ്രകോപിതനായ സൈമൺ, യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു– പൊലീസ് പറയുന്നു.