തിരുവനന്തപുരം: നഗരസഭ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് നിരോധിക്കുന്നതിന് മുന്നോടിയായി പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ നടത്തുന്ന ബദൽ ഉല്പന്നങ്ങളുടെ പ്രദർശന വിപണന മേളയിൽ വൻ ജനതിരക്ക്. മുൻ മേയർ ജയൻബാബു ഉൾപ്പെടെ നിരവധിയാളുകൾ മേള സന്ദർശിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി. നഗരത്തിലെ ജനങ്ങൾ മേള ഏറ്റെടുത്തതിൽ മേയർ നന്ദി അറിയിച്ചു. മേളയിൽ ഇന്ന് രാവിലെ റീസൈക്ളിംഗ് എന്ന വിഷയത്തിൽ നവകേരള മിഷൻ കോ ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ ഹരിത കർമസേനാംഗങ്ങളുമായി സംവദിച്ചു..വൈകുന്നേരം ആറ് മണിമുതൽ നഗരസഭ കൗൺസിൽ അംഗം ബിനുവിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. മേളയിൽ വെച്ച് ശുചീകരണ തൊഴിലാളികളെ മേയർ ആദരിച്ചു.
മേള നാളെ സമാപിക്കും.നാളെ വൈകുന്നേരം അഞ്ച് മണിക്ക് പ്ളാസ്റ്റിക് ബദൽ ഉല്പന്നങ്ങളുടെ പ്രസക്തി എന്ന വിഷയത്തിൽ ശുചിത്വ മിഷൻ ഡയറക്ടർ മിർ മുഹമ്മലി ഐഎഎസ് സംസാരിക്കും.ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉത്ഘാടനം ചെയ്യും.വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനം സമാപന സമ്മേളനത്തിൽ വെച്ച് മന്ത്രി വിതരണം ചെയ്യും. മേളയിലേയ്ക്ക് മുഴുവൻ നഗരവാസികളേയും സ്വാഗതം ചെയ്യുന്നതായി മേയർ അറിയിച്ചു