തിരുവനന്തപുരം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനായി പത്ത് കേന്ദ്രങ്ങൾ ജില്ലയിൽ സജ്ജീകരിച്ചു. ജനുവരി മൂന്ന് മുതൽ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും രാവിലെ ഒമ്പത് മുതൽ മൂന്നു വരെ വാക്സിനേഷൻ നൽകും.ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഇവർക്കു മാത്രമായി വാക്സിനേഷൻ നടത്തും. കൂടാതെ ജില്ലയിലെ തിരഞ്ഞെടുത്ത പത്ത് ആരോഗ്യകേന്ദ്രങ്ങളിൽ തിങ്കൾ മുതൽ ശനി വരെ ദിവസവും 15 മുതൽ 18 വയസ്സു വരെയുള്ളവർക്കു മാത്രമായി വാക്സിനേഷൻ നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം ജനറൽ ആശുപത്രി, ഗവൺമെന്റ് ആയുർവേദ കോളേജ്, പാങ്ങപ്പാറ എ.ഒ.ഇ., ഫോർട്ട് താലൂക്ക് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, കേശവപുരം സി.എച്ച്.സി., ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇവ ഒഴികെ മറ്റെല്ലാ ആരോഗ്യകേന്ദ്രങ്ങളിലും 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് തുടർ ആഴ്ചകളിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വാക്സിനേഷൻ ഉണ്ടായിരിക്കും.പതിനഞ്ച് വയസ്സു മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. www.cowin.gov.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. കോവിൻ ആപ്പിൽ മുൻപ് രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽക്കൂടിയും രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടത്തി രജിസ്റ്റർ ചെയ്തും ലഭ്യതയ്ക്കനുസരിച്ച് വാക്സിൻ സ്വീകരിക്കാവുന്നതാണ്.