നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി. ഏർപ്പെടുത്തുന്ന ടൂറിസം പ്രൊമോഷൻ പാക്കേജ് നെയ്യാറ്റിൻകര ഡിപ്പോയിലും. പുതുവത്സരത്തിന്റെ ഭാഗമായി ജനുവരി എട്ടിന് ‘പച്ചപ്പ് തേടി ആനവണ്ടിയാത്ര’ തുടങ്ങും.നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നു കൊല്ലത്തെ മൺറോത്തുരുത്ത്, സാമ്പ്രാണിക്കോടി, തിരുമുല്ലവാരം കടലോരം എന്നിവിടങ്ങളിലേക്കാണ് ഏകദിനയാത്ര സംഘടിപ്പിക്കുന്നത്.കണ്ടൽ സംരക്ഷണം, നാടിന്റെ ആത്മാവിനെ തൊട്ടറിയൽ എന്നീ സന്ദേശങ്ങൾ യാത്രയുടെ സവിശേഷതകളാണ്. ആദ്യം സീറ്റ് ബുക്ക് ചെയ്യുന്ന അമ്പതുപേർക്കാണ് ആദ്യയാത്രയിൽ പങ്കെടുക്കാൻ കഴിയുക. തുടർന്നുള്ള അവധി ദിവസങ്ങളിലും ടൂർ പാക്കേജ് നടക്കും. ടൂറിസം പദ്ധതിയുടെ യൂണിറ്റ് ചുമതല കൺവീനറായ ടി.ഐ.സതീഷ്‌കുമാറിനും കോ-ഓർഡിനേറ്ററായ എൻ.കെ.രഞ്ജിത്തിനും ജോയിന്റ് കോ-ഓർഡിനേറ്റർമാരായ എസ്.ജി.രാജേഷ്, കെ.എസ്.ജയശങ്കർ എന്നിവർക്കാണ്.ഭക്ഷണമൊഴികെ യാത്രാനിരക്ക് 750 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും 9846067232, 9447071021, 0471-2463799.
