കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതൽ

mega-vaccineation-camp-jimmy-george-indoor-stadium--10--jpeg

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേഷനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്.കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് ഉണ്ടാകും. മുതിർന്നവരുടേത് നീല നിറമാണ്. ഈ ബോർഡുകൾ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ ഉണ്ടായിരിക്കും. കേന്ദ്രങ്ങൾ മാറിപ്പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലർജിയോ ഉണ്ടെങ്കിൽ വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണം. ഒമിക്രോൺ സാഹചര്യത്തിൽ എല്ലാവരും തങ്ങളുടെ കുട്ടികൾക്ക് വാക്സിൻ എടുത്തെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 

സംസ്ഥാനത്ത് 15 മുതൽ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പ് നൽകിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കഴിവതും കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രം വാക്സിനെടുക്കാൻ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുക. അവരവർ രജിസ്റ്റർ ചെയ്ത വിവരങ്ങളാണ് വാക്സിൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തെറ്റുകൂടാതെ രജിസ്റ്റർ ചെയ്യേണ്ടതാണ്. വാക്സിനേഷന് ശേഷം കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് ആദ്യ ഡോസ് വാക്സിന്റെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. കോവിഡ് വന്നിട്ടുള്ള കുട്ടികൾക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതിയാകും.ഭക്ഷണം കഴിച്ചതിന് ശേഷം വാക്സിനേഷൻ കേന്ദ്രത്തിലെത്തുക. ഒമിക്രോൺ സാഹചര്യത്തിൽ കുടിക്കാനുള്ള വെള്ളം അവരവർ കരുതുന്നതാണ് നല്ലത്. ആധാർ കാർഡോ, ആധാറില്ലെങ്കിൽ സ്കൂൾ ഐഡി കാർഡോ മറക്കാതെ കൊണ്ടുവരേണ്ടതാണ്. രജിസ്ട്രേഷൻ ചെയ്ത സമയത്തെ ഫോൺ നമ്പരും കരുതണം. കോവാക്സിൻ നൽകുന്ന കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രമാണെന്ന് ഉറപ്പ് വരുത്തുക. ഒമിക്രോൺ സാഹചര്യത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. കുട്ടികളായതിനാൽ സമയമെടുത്തായിരിക്കും വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കുക. കൂടെവരുന്ന രക്ഷാകർത്താക്കളും തിരക്ക് കൂട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

 

രജിസ്ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ മെസേജോ പ്രിന്റൗട്ടോ നൽകേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ നൽകുമ്പോൾ കുട്ടിയുടെ മറ്റ് വിവരങ്ങൾ ലഭ്യമാകും. ആധാറോ സ്കൂൾ ഐഡിയോ കാണിച്ച് വന്നയാൾ ആ കുട്ടിതന്നെയെന്ന് ഉറപ്പാക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ സൂപ്പർവൈസറും വാക്സിനേറ്ററും ഉണ്ടാകും. കുട്ടിക്ക് മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വാക്സിനേഷൻ സ്ഥലത്തേക്ക് വിടും. ഒരിക്കൽക്കൂടി വാക്സിനേറ്റർ കുട്ടിയോട് വിവരങ്ങൾ ചോദിച്ച ശേഷം വാക്സിൻ നൽകും. വാക്സിൻ നൽകിയ ശേഷം കുട്ടികളെ അര മണിക്കൂർ നിരീക്ഷിക്കുന്നതാണ്.

 

വാക്സിന്റെ ലഭ്യതയനുസരിച്ച് എത്രയും വേഗം കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 65,000ത്തോളം ഡോസ് കോവാക്സിൻ സംസ്ഥാനത്ത് ലഭ്യമാണ്. കുട്ടികളുടെ വാക്സിനേഷനായി അഞ്ച് ലക്ഷത്തോളം ഡോസ് കോവാക്സിൻ എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്ന് രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാക്സിൻ എത്തുന്നതോടുകൂടി എല്ലാ കേന്ദ്രങ്ങളും പൂർണതോതിൽ പ്രവർത്തിക്കാനാകും. കുട്ടികളുടെ വാക്സിനേഷൻ സുഗമമാക്കുന്നതിന് എല്ലാവരുടേയും പിന്തുണയുണ്ടാവണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!