കോവളം: കോവളത്ത് വിദേശിയായ ടൂറിസ്റ്റ് മദ്യമൊഴുക്കിക്കളഞ്ഞ സംഭവത്തിൽ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടി.കെ ഷാജിയാണ് തെറ്റ് ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് പരാതി നൽകിയത്. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനും പരാതി നൽകിയിട്ടുണ്ട്.ടി.കെ. ഷാജിക്കെതിരായ നടപടി പോലീസ് ഓഫീസർമാർക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. അസോസിയേഷൻ ഇക്കാര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടി.കെ. ഷാജി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയത്. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ലെറ്റർപാഡിലാണ് പരാതി നൽകിയിരിക്കുന്നത്.തെറ്റിദ്ധാരണമൂലമാണ് തനിക്കെതിരെ നടപടി എടുത്തതെന്നും വിദേശിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടി.കെ ഷാജി പരാതിയിൽ പറയുന്നു. നിയമപ്രകാരമുള്ള വാഹന പരിശോധനമാത്രമാണ് നടത്തിയത്. തനിക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്നും ഈ പരാതിയിൽ പറയുന്നു.