ശ്രീകാര്യം: കൊവിഡ് ബാധിതരായി ക്വാറന്റൈനിൽ കഴിയുന്ന കുടുംബം വൈദ്യുതി ബില്ലടയ്ക്കാൻ വൈകിയതിന്റെ പേരിൽ കണക്ഷൻ വിച്ഛേദിച്ച് വൈദ്യുതി ബോർഡിന്റെ ക്രൂരത. പോങ്ങുംമൂട് ശോഭാ ഗാർഡൻസ് ആര്യനന്ദനത്തിൽ മുൻ കെ.എസ്.ഇ.ബി റിട്ട. എൻജിനിയർ രാജന്റെ (83) വൈദ്യുതി കണക്ഷനാണ് കെ.എസ്.ഇ.ബി മെഡിക്കൽ കോളേജ് സെക്ഷൻ ജീവനക്കാർ വിച്ഛേദിച്ചത്. ബില്ല് അടയ്ക്കാനുള്ള സമയമായെന്ന് അറിയിച്ച് രണ്ട് ദിവസം മുമ്പ് അധികൃതർ ഫോൺ ചെയ്തിരുന്നു. വീട്ടിലുള്ളവർ കൊവിഡ് പോസിറ്റീവായതിനാൽ സാവകാശം വേണമെന്നും ക്വാറന്റൈൻ കഴിഞ്ഞാലുടൻ പണമടയ്ക്കാമെന്നും രാജൻ പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ രാവിലെ ജീവനക്കാരെത്തി ഫ്യൂസൂരുകയായിരുന്നു.താൻ 35 വർഷത്തോളം കെ.എസ്.ഇ.ബി.യിൽ സേവനമനുഷ്ടിച്ചയാളാണെന്ന് പറഞ്ഞിട്ടും ഇതുപോലും പരിഗണിക്കാതെയായിരുന്നു ജീവനക്കാരുടെ നടപടിയെന്ന് രാജൻ പറയുന്നു. രാജനോടൊപ്പം മകളും മകളുടെ രണ്ട് പെൺമക്കളുമാണ് ഇവിടെ താമസിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രാജന്റെ അയൽവാസി ചെന്ന് ബില്ലടച്ചശേഷമാണ് കണക്ഷൻ പുനഃസ്ഥാപിച്ചത്. സംഭവം വിവാദമായതോടെ വൈദ്യുതി മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു