കോവളം: കാല്‍ വഴുതി പാറമടയില്‍ വീണ് യുവാവ് മരിച്ചു. കോവളം പൂങ്കുളം മുനിപ്പാറ കല്ലടിച്ചാന്‍ മൂല സ്വദേശി അഭിരാജ് (32) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുന്നുപാറ ക്ഷേത്രത്തിന് സമീപത്തുളള പാറമടയ്ക്ക് മുകളിലെ വഴിയിലൂടെ നടന്നുപോകവെ താഴേയ്ക്ക് വഴുതി വീഴുകയായിരുന്നു.50 അടിയോളം താഴ്ചയിലുളള പാറമടയിലേക്ക് വീണ അഭിരാജിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അഭിരാജിനെ രക്ഷിക്കാനായി സുഹൃത്തുക്കളായ അരുണ്‍കുമാര്‍, ഷാജി,അഭിലാഷ്,രാജേഷ്, പ്രദീപ്, ശോഭേന്ദ്രന്‍ എന്നിവര്‍ താഴേയ്ക്ക് എത്തിയെങ്കിലും മുകളിലേയ്ക്ക് കൊണ്ടുവരാനായില്ല. തുടര്‍ന്ന് വിഴിഞ്ഞം അഗ്‌നിരക്ഷാസേനയെയും കോവളം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ചെങ്കല്‍ ചൂളയില്‍ നിന്നുളള സ്‌കൂബാ ടീമിനെ എത്തിച്ചായിരുന്നു അഭിരാജിനെ പുറത്തെത്തിച്ചത്. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തെിച്ചുവെങ്കിലും രക്ഷിക്കാനായില്ല