തിരുവനന്തപുരം : പൊളിഞ്ഞ് വീഴുമെന്നായപ്പോൾ നാട്ടുകാർ അടച്ചിട്ട കല്ലടിമുഖം പാലം (കാലടി സൗത്ത്) വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇറിഗേഷൻ ചീഫ് എഞ്ചിനീയറും നഗരസഭാ സെക്രട്ടറിയും ആവശ്യം പരിശോധിച്ച് ഫെബ്രുവരി 3 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്ആവശ്യപ്പെട്ടു. കിള്ളിയാറിന് കുറുകെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഇരുമ്പു പാലമാണ് തുരുമ്പടുത്ത് ദ്രവിച്ച് സഞ്ചാരയോഗ്യമല്ലാതായത്. നൂറുകണക്കിന് യാത്രക്കാർ നിത്യേന നഗരത്തിലെത്തുന്നത് പാലം വഴിയാണ്. പാലം അപകടാവസ്ഥയിലായതോടെ കാലടി വഴി വേണം ജനങ്ങൾക്ക് കല്ലടിമുഖത്തെത്താൻ. ജനപ്രതിനിധികൾക്ക് നിരവധി തവണ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് നാട്ടുകാർ പാലം താത്ക്കാലികമായി അടച്ചിട്ടു. ശ്യാംകുമാർ. വി, പി.കെ. അനിൽകുമാർ എന്നിവരുടെ നേത്യത്വത്തിൽ കല്ലടിമുഖം, കാലടി സൗത്ത്, ഇളംതെങ്ങ് പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് നടപടി