തിരുവനന്തപുരം: നഗരത്തിലെ കടകളുടെ പരിശോധന ശക്തമാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. കിള്ളിപ്പാലത്ത് ഇന്ന് ഉണ്ടായ തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് മേയർ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
തിരുവനന്തപുരം നഗരസഭ പരിധിയിലെ നെടുങ്കാട് വാർഡിൽ പി.ആർ.എസ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ചു. ഫയർഫോഴ്സിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും ഫയർ എഞ്ചിനുകളും ജീവനക്കാരും എത്തിയാണ് കൂടുതൽ അപകടമുണ്ടാകാത്ത രീതിയിൽ തീകെടുത്തിയത്. ആക്രിക്കടയിലുണ്ടായ തീപിടുത്തം മറ്റ് സമീപ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുകയാണുണ്ടായത്. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ ആക്രിക്കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പരിശോധിക്കാനും നഗരസഭയുടെ ലൈസന്‍സും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുവാനും തീരുമാനിച്ചു.