തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെപ്പറ്റി നിലനിൽക്കുന്ന ആശങ്കകളകറ്റാൻ സർക്കാർതല പ്രചാരണത്തിന് തുടക്കംകുറിച്ച് മുഖ്യമന്ത്രി ചൊവ്വാഴ്ച രംഗത്തിറങ്ങും. ആദ്യ വിശദീകരണയോഗം തിരുവനന്തപുരത്ത് രാവിലെ 11-ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുകയും സംശയങ്ങളും ആശങ്കകളും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പൗരപ്രമുഖർ, സാങ്കേതിക വിദഗ്ധർ, സാമുദായിക സംഘടനാപ്രതിനിധികൾ, മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരെയാണ് ചൊവ്വാഴ്ചത്തെ യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്.