തിരുവനന്തപുരം: തലസ്ഥാനത്തെ വെള്ളപ്പൊക്കം തടയാൻ നഗരത്തിലെ പ്രധാന ജലസ്രോതസുകൾ വൃത്തിയാക്കുന്ന പദ്ധതികൾ ഉടൻ ആരംഭിക്കും. ജലസേചന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. ജനുവരി പകുതിയോടെ ആരംഭിക്കുന്ന പദ്ധതി ഏപ്രിൽ 30ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം.നഗരത്തിലെ പത്ത് പ്രധാന ജലസ്രോതസുകളിലാണ് വിവിധ ജോലികൾ ഉൾപ്പെടുന്ന വെള്ളപ്പൊക്ക ലഘൂകരണ പദ്ധതി ആരംഭിക്കുന്നത്. എട്ട് കോടി രൂപയാണ് പദ്ധതിത്തുക. പഴവങ്ങാടി തോട്, ഉള്ളൂർ തോട്, കരിയിൽ തോട്, കരിമാടം കുളം, തെക്കനകര കനാൽ, കിള്ളിയാർ, കരമനയാർ, പാർവതി പുത്തനാർ, തെറ്റിയാർ തോട് എന്നിവിടങ്ങളിൽ 3.81 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ കിള്ളിയാർ, കരമനയാർ, പഴവങ്ങാടി തോട് എന്നിവിടങ്ങളിൽ 4.24 കോടി രൂപയാണ് ചെലവാക്കുക