തിരുവനന്തപുരം: അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയിൽ വീടും നൽകും. വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതി ദരിദ്രർക്കും നഷ്ടപരിഹാരം നൽകും.
മുഖ്യമന്ത്രി വിളിച്ച് ചേർത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാധ്യമ മേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യ സ്ഥാനപനങ്ങൾക്കും, വാടകക്കാർക്കും പ്രത്യേകം തുക വിശദീകരിച്ചിട്ടുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാൽ എത്ര രൂപ നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
ഭൂരഹിതർക്ക് അഞ്ചു സെൻ്റ് ഭൂമിയും ലൈഫ് മാത്യകയിൽ വീടും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ചു സെൻ്റ് ഭൂമിയും നാലു ലക്ഷം രൂപയും നൽകും. അതുമല്ലെങ്കിൽ നഷ്ടപരിഹാരവും ആറു ലക്ഷം രൂപയും നാലു ലക്ഷം രൂപയും നൽകാൻ തീരുമാനിച്ചു. കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കിയാൽ 25,000 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കും. വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവർക്ക് രണ്ടു ലക്ഷം രൂപയും നൽകും.