തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വഴയിലയിൽ മൂന്നു വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിൻ (16), പേരൂർക്കട സ്വദേശികളായ ബിനീഷ് (16), മുല്ലപ്പൻ (16) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വഴയില വളവിൽവെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.