തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 140 സ്ഥലങ്ങളിൽ പ്രക്ഷോഭ പരിപാടികൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകി. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രതിഷേധ പരിപാടികൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജാഗ്രത കർശനമാക്കാൻ പോലീസിന് നിർദേം ലഭിച്ചത്.
സംസ്ഥാനം മുഴുവനും ശ്രദ്ധവേണമെന്നും തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളിൽ പ്രക്ഷോഭ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.പ്രത്യേക വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾ നടന്നാൽ മറ്റ് അസ്വാരസ്യങ്ങളുണ്ടാകുമെന്ന് പോലീസിനും സംസ്ഥാന സർക്കാരിനും ആശങ്കയുണ്ട്. ഇതേത്തുടർന്നാണ് സംസ്ഥാനത്ത് മുഴുവൻ സുരക്ഷ ശക്തമാക്കാനും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിരിക്കുന്നത്.