തിരുവനന്തപുരം: കെ റയിലിന് 3 ജില്ലകളിലെ സാമൂഹികാഘാത പഠനത്തിനായി വിജ്ഞാപനം ഇറങ്ങി. തിരുവനന്തപുരം, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് വിജ്ഞാപനം ഇറങ്ങിയത്. കാസർഗോഡ് ജില്ലയിൽ കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകളിലെ പ്രദേശങ്ങളിലാണ് വിജ്ഞാപനം ഇറങ്ങിയത്. എറണാകുളത്ത് ആലുവ, കണയന്നൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിലും തിരുവനന്തപുരത്ത് തിരുവനന്തപുരം, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലുമാണ് വിജ്ഞാപനം. തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ കേരള വോളണ്ടറി ഹെൽത്ത് സർവ്വീസിനും, എറണാകുളത്ത് രാജഗിരി ഔട്ട്റീച്ച് സൊസൈറ്റിയ്ക്കുമാണ് പഠന ചുമതല. നേരത്തെ കണ്ണൂർ ജില്ലയിലെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു.