തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിന്റെ വഞ്ചിയൂര്‍ മുതല്‍ പാറ്റൂര്‍ വരെയുള്ള ഭാഗത്ത് സ്ലാബ് ഇട്ട് വീതിയുള്ള റോഡാക്കി മാറ്റുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കനാലിന്റെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവുമൊത്ത് വഞ്ചിയൂര്‍ ഭാഗത്ത് പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി റോഷി. സ്ലാബിടുന്നതിന് പൊതുമരാമത്ത് വകുപ്പ് 24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവില്‍ തോടിന്റെ മുകളില്‍ 300 മീറ്ററോളം ദൂരത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് പാകി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ച ആയാണ് രണ്ടാം ഘട്ട നിര്‍മാണ ജോലികള്‍ തുടങ്ങുന്നത്.
സ്ലാബിടുമ്പോള്‍ അസാധാരണമായ സാഹചര്യം ഉണ്ടായാല്‍ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാനും തോട് അടഞ്ഞാല്‍ തടസ്സങ്ങള്‍ നീക്കാനുമായി 50 മീറ്റര്‍ ഇടവിട്ട് മിനി ജെ.സി.ബിക്ക് ഇറങ്ങാന്‍ സാധിക്കും വിധം മാന്‍ഹോളുകള്‍ നിര്‍മിക്കും. നിലവിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാലിന്യം നിക്ഷേപിക്കാന്‍ സാധിക്കാത്തവിധമായിരിക്കും സ്ലാബിടുന്നതെന്നും മന്ത്രി പറഞ്ഞു.തോട് ആരംഭിക്കുന്ന സ്ഥലത്ത് മാലിന്യം തോട്ടിലേക്ക് കയറാത്ത വിധത്തില്‍ ഗ്രില്ലുകള്‍ സ്ഥാപിക്കും. സ്ലാബ് ഇടുന്നതോടെതോട്ടില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധത്തിന് പരിഹാരമാകുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.