പള്ളിപ്പുറം: പള്ളിപ്പുറത്ത് വീടുകളിൽ കയറി ഭീഷണി മുഴക്കിയ പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയിൽ. സംഭവത്തിന് ശേഷം ഒളിവിൽപോയ ഇയാളെ വ്യാഴാഴ്ച പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞദിവസമാണ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം പള്ളിപ്പുറത്തെ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പണവും സ്വർണവും ആവശ്യപ്പെട്ട് ഇവർ വീടുകളിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു. കുട്ടികളുടെ കഴുത്തിൽ കത്തിവെച്ചാണ് ഗുണ്ടാസംഘം പണം ആവശ്യപ്പെട്ടത്. ചില വീടുകളുടെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ സി.ആർ.പി.എഫ്. ക്യാമ്പിനു സമീപം ബേക്കറി ഉടമയെ കടയിൽക്കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഷാനവാസ് നേരത്തെ അറസ്റ്റിലായിരുന്നു. സെപ്റ്റംബറിൽ പള്ളിപ്പുറത്ത് മൊബൈൽ കടയിൽ കയറി മറുനാടൻ തൊഴിലാളിയെയും ഷാനവാസ് കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ഒളിവിൽപ്പോയ ഷാനവാസിനെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞദിവസം വീടുകളിൽ കയറി ഭീഷണി മുഴക്കിയ സംഭവമുണ്ടായത്.