തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം അടിയന്തിരമായി പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.തിരുവനന്തപുരം നഗരസഭാ സെക്രട്ടറി നാലാഴ്ചക്കകം ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
പ്രദേശത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആക്രി കടകളും വർക്ക്ഷോപ്പുകളും കാരണം ജീവനും സ്വത്തിനും ഭീഷണിയുള്ളതായി അഡ്വ.മുഹമ്മദ് അഷ്റഫ് സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇവ സമീപത്തെ ആശുപത്രിക്കും വീടുകൾക്കും ഭീഷണിയാണ്. കിളളിയാറിൻ്റെ തീരം കൈയേറി നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ സഞ്ചാരസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. വാഹനങ്ങളുടെ ടയർ ഉൾപ്പെടെയുള്ളവ കൂട്ടിയിട്ടിരിക്കുന്നത് അഗ്നിബാധക്ക് കാരണമാകുമെന്നും പരാതിയിൽ പറയുന്നു.