തിരുവനന്തപുരം :മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധന ജനുവരി 16 ന് നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. മണ്ണെണ്ണ പെര്‍മിറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 8 ആക്കിയിട്ടുണ്ട്. ഡിസംബര്‍ 23 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 16 ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ ജില്ലയിലെ നിശ്ചിത കേന്ദ്രങ്ങളില്‍ വെച്ചാണ് പരിശോധന നടത്തുന്നത്. ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകള്‍ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെര്‍മിറ്റ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ 81 സെന്ററുകളിലാണ് പരിശോധന നടത്തുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി കളക്ടര്‍ ആശയവിനിമയം നടത്തി.
മത്സ്യത്തൊഴിലാളികള്‍ പരിശോധനാദിവസം രാവിലെ എട്ടുമണി മുതല്‍ മത്സ്യബന്ധനയാനം, യാനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ്, ഔട്ട് ബോര്‍ഡ് എഞ്ചിന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്ക്, എഫ്.ഐ.എം.എസ് രജിസ്ട്രേഷന്‍, റേഷന്‍കാര്‍ഡ്, പുതിയ എഞ്ചിനാണെങ്കില്‍ അതിന്റെ ഇന്‍വോയ്സ്, പഴയ എഞ്ചിനാണെങ്കില്‍ പഴയ പെര്‍മിറ്റ് എന്നിവ സഹിതം അതത് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. യാനങ്ങളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. പത്തുവര്‍ഷം വരെ പഴക്കമുള്ള എഞ്ചിനുകള്‍ക്കാണ് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുക.
യോഗത്തില്‍ തീരദേശവാര്‍ഡുകളിലെ ജനപ്രതിനിധികള്‍, തീരദേശ എം എല്‍ എമാരുടെ പ്രതിനിധികള്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം. ശ്രീകണ്ഠന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (തിരുവനന്തപുരം സോണല്‍) ബീന സുകുമാര്‍, അസി. ഡയറക്ടര്‍ സി എസ് ശ്രീവിദ്യാറാണി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഡോ. കെ എസ് സുമംഗലകുമാരി, ജില്ലാ സപ്ലൈ ഓഫീസര്‍ സി എസ് ഉണ്ണിക്കൃഷ്ണകുമാര്‍, മത്സ്യതൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.