തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാർകഴി കളഭം എട്ടുമുതൽ 14 വരെ നടക്കും. വർഷത്തിൽ ആനിയിലും മാർകഴിയിലുമാണ് ക്ഷേത്രത്തിൽ കളഭം പതിവുള്ളത്.തന്ത്രി തരണനല്ലൂർ സതീശൻനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് കളഭം നടക്കുന്നത്. കളഭം അവസാനിക്കുന്ന 14-നാണ് മകരസംക്രാന്തി. രാത്രി എട്ടിന് സ്വർണ ഗരുഡവാഹനത്തിൽ മകരശീവേലി ഉണ്ടായിരിക്കും. ശീവേലിക്കൊപ്പം നടക്കുന്ന വലിയകാണിക്കയിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാം.
എട്ടുമുതൽ 14 വരെ തീയതികളിൽ ദർശന സമയത്തിൽ മാറ്റമുണ്ടാകും. രാവിലെ 3.30-ന് നിർമാല്യദർശനം. 6.39 മുതൽ 7.30 വരെ ദർശനവും എട്ടുമുതൽ ഒൻപതുവരെ കളഭാഭിഷേക ദർശനവും. ഉച്ചപൂജയ്ക്കുശേഷം 9.45 മുതൽ 12 മണിവരെ ദർശനത്തിന് സൗകര്യമുണ്ടാകും. വൈകീട്ട് ദർശനസമയത്തിൽ മാറ്റമില്ല.